കണ്ണൂര്‍: കല്ലായിമുതല് ചെറുവത്തൂര്‍വരെയുള്ള വൈദ്യുതീകരിച്ച റെയില്‍വേ ലൈന്‍ ദക്ഷിണമേഖല റെയില്‍വേ സുരക്ഷാകമ്മീഷണര്‍ എസ്.കെ.മിത്തല്‍ പരിശോധിച്ചു. സബ് സ്റ്റേഷന്, ലവല്‍ക്രോസ്, സ്വിച്ചിങ് കേന്ദ്രങ്ങള്‍, മേല്‍പ്പാലം തുടങ്ങിയ ഓരോ സ്ഥലത്തും അദ്ദേഹം സുരക്ഷാ പരിശോധന നടത്തി. കല്ലായി മുതല്‍ ചെറുവത്തൂര്വരെ ഡീസല്‍ എന്ജിന് ഘടിപ്പിച്ച പ്രത്യേക തീവണ്ടിയിലെത്തിയായിരുന്നു പരിശോധന. മടക്കയാത്രയില്‍ ഇലക്ട്രിക് എന്ജിന് ഉപയോഗിച്ച് വൈദ്യുതികരണം പൂര്‍ത്തിയാക്കിയ ലൈനിലൂടെ പരീക്ഷണ ഓട്ടവും നടത്തി.
സുരക്ഷാകമ്മീഷണറുടെ നേതൃത്വത്തില്‍ 12 അംഗങ്ങളുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കല്ലായിയില്‍നിന്നാണ് യാത്രതുടങ്ങിയത്. 140 കിലോമീറ്റര്‍ ലൈനിലാണ് പരിശോധനയുണ്ടായത്. കണ്ണൂര്‍ സൗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സബ് സ്റ്റേഷന്റെ സുരക്ഷയും അദ്ദേഹം വിലയിരുത്തി. 25,000 വാട്ട് വൈദ്യുതിയാണ് ഇവിടെനിന്ന് കടത്തിവിടുന്നത്. അതിനാല്‍, മേല്‍പ്പാലം, ക്രോസിങ് ലൈന്‍, സ്വിച്ചിങ് പോയിന്റ് എന്നിവിടങ്ങളിലൊക്കെ അപകടസാധ്യ ഏറെയാണ്. ഇതിന്റെ സുരക്ഷയാണ് സംഘം പ്രധാനമായും പരിശോധിച്ചത്.
വൈദ്യുത ലൈനിന് അടിയില്‍നിന്ന് പട്ടം പറത്തുന്നതുപോലും...
more... അപകടമുണ്ടാക്കുന്നതാണ്. ഇതിനുള്ള ബോധവത്കരണം നല്‍കണമെന്ന നിര്‍ദേശവും കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്. പരിശോധന പൂര്‍ത്തിയാക്കി വൈകിട്ട് നാലരയോടെയാണ് സംഘം ചെറുവത്തൂരിലെത്തിയത്. 4.45-ഓടെ ഇലക്ട്രിക് എന്ജിന് ഘടിപ്പിച്ച് സംഘം മടങ്ങി. രണ്ടുമണിക്കൂര്‍കൊണ്ട് വൈദ്യുതീകരിച്ച ട്രാക്കിലൂടെ സംഘം കല്ലായിലെത്തി. ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ആര്.കെ.കുല്ശ്രീസ്ത, ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ്, ചീഫ് പ്രോജക്ട് ഡയറക്ടര്‍ ഇലക്ട്രിഫിക്കേഷന് കെ.വി. സത്യനാരായണ, ചീഫ് ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ എന്‍ജിനീയര്‍ ബി.വി.ചന്ദ്രശേഖര്‍, റെയില്‍വേ സേഫ്റ്റി ഡെപ്യൂട്ടി കമ്മീഷണര്‍ കെ.പളനി, സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഇ. ശ്രീനിവാസന്, സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എസ്.ജയകൃഷ്ണന്, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക് എന്‍ജിനീയര്‍ ടി.സി. ജോണ്സണ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കണ്ണൂര്‍ വി.കെ.മനോഹരന്, എക്സിക്യൂട്ടീവ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കോഴിക്കോട് കെ.എ.സജി, എക്സിക്യൂട്ടീവ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കണ്ണൂര്‍ എ.താമരൈ സെല്‍വം എന്നിവരും പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്.