പുതുതായി വൈദ്യുതീകരിച്ച റയിൽപാത സുരക്ഷാ കമ്മിഷണർ പരിശോധിച്ചു.
കണ്ണൂർ ∙ കല്ലായി മുതൽ കാസർകോട് ജില്ലയിലെ ചെറുവത്തൂർ വരെ വൈദ്യുതീകരിച്ച റയിൽപ്പാതയിൽ റയിൽവേ സുരക്ഷാ കമ്മിഷണർ (സതേൺ സർക്കിൾ) എസ്.കെ. മിത്തൽ പരിശോധന നടത്തി. ഷൊർണൂർ– മംഗലാപുരം പാതയുടെ ഭാഗമായ കല്ലായി മുതൽ ചെറുവത്തൂർ വരെയുള്ള 140 കിലോമീറ്ററിലാണ് പരിശോധന നടന്നത്. ഒൻപതു മണിക്ക് കല്ലായിൽ നിന്ന് പുറപ്പെട്ട സംഘം ഉച്ചയ്ക്ക് 1.30 ന് കണ്ണൂർ സ്റ്റേഷനിലെത്തി. സ്റ്റേഷൻ അധികൃതരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. വഴിമധ്യേ വിവിധ സ്റ്റേഷനുകളിലും വൈദ്യുതീകരണത്തിനായുള്ള 25 കെവി ട്രാക്ഷൻ സബ്സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്ന കണ്ണൂർ സൗത്തിലും പരിശോധന നടത്തി.
സബ്– സ്റ്റേഷനുകൾ, സ്വിച്ചിങ് പോസ്റ്റുകൾ, ലെവൽ ക്രോസിങ് പോസ്റ്റുകൾ, മേൽപ്പാലങ്ങൾ തുടങ്ങി എല്ലാ മേഖലകളും പരിശോധിച്ചു. കല്ലായിയിൽ നിന്നു ചെറുവത്തൂർ വരെ ഡീസൽ എൻജിനിലായിരുന്നു യാത്ര. പൂജയെത്തുടർന്ന് തിരികെ 4.30 ന് കല്ലായിയിലേക്ക് ഇലക്ട്രിക് എൻജിനിൽ സ്പീഡ്...
more... ട്രയൽ നടത്തി. സുരക്ഷാ അനുമതി ലഭിച്ചാൽ വൈകാതെ കണ്ണൂർ വരെ ഇലക്ട്രിക് ട്രെയിൻ ഓടിക്കാനാണു റയിൽവേ ലക്ഷ്യമിടുന്നത്.
സംഘത്തിൽ ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ ആർ.കെ. കുൽശ്രേഷ്ഠ, ഡിവിഷനൽ റയിൽവേ മാനേജർ ആനന്ദ് പ്രകാശ്, ചീഫ് പ്രോജക്ട് ഡയറക്ടർ കെ.വി. സത്യനാരായണ, സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ (ട്രാക്ഷൻ, പാലക്കാട് ഡിവിഷൻ) എസ്. ജയകൃഷ്ണൻ, റയിൽവേ ഇലക്ട്രിഫിക്കേഷൻ കോഴിക്കോട് ഡപ്യൂട്ടി ചീഫ് എൻജിനീയർ ടി.സി. ജോൺസൺ, കണ്ണൂർ ഡപ്യൂട്ടി സിഇ വി.കെ. മനോഹരൻ, എക്സിക്യൂട്ടീവ് ഇലക്ട്രിക്കൽ എൻജിനീയർമാരായ കെ.എ. സജി, താമരൈ സെൽവൻ തുടങ്ങിയവരുണ്ടായിരുന്നു.